Saturday, 14 January 2017

മകര സംക്രമം


'സംക്രമം' എന്ന പദം 'ക്രമ പദ വിന്യാസേ' എന്ന ധാതുവിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. 
ശോഭനമായ പദവിന്യാസം അഥവാ കാല്‍വെയ്പ്പ് എന്ന് അര്‍ഥമാക്കുന്നു.
സുര്യന്‍ ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നതിനാണ് സംക്രമം അഥവാ സംക്രാന്തി എന്ന് പറയുന്നത്. മേടം മുതല്‍ മീനം വരെ പന്ത്രണ്ട് രാശികളാണുള്ളത്. ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്കുള്ള സൂര്യന്‍റെ മാറ്റമാണ് മകര സംക്രമം.
സുര്യന്‍ തന്‍റെ പുത്രനായ ശനിയോടൊത്ത് ശനിയുടെ ഗൃഹത്തില്‍ കുടുബ സഹിതം  വസിക്കുന്ന കാലം കുടിയാണ് ഈ ഒരു മാസ കാലം. പിതൃ -പുത്ര ബന്ധങ്ങളുടെ തീവ്രതയാണ് ഇത് അനാവരണം ചെയ്യുന്നത്.
ഉത്തരായന പുണ്യ കാലത്തിന്‍റെ പ്രവേശന കാലമാണ് മകര സംക്രമം.  മകരം മുതല്‍ ആറു മാസക്കാലം ഉത്തരായനവും  പിന്നീട് ആറു മാസം ദക്ഷിനായനവുമാണ്. കാലഗണന സമ്പ്രദായം അനുസരിച്ച് ദേവന്മാരുടെ പകൽ ഉത്തരായനവും രാത്രി ദക്ഷിനായനവുമാണ്. ഇതു രണ്ടും ചേരുമ്പോള്‍ ദേവന്മാരുടെ ഒരു ദിവസവും മനുഷ്യരുടെ ഒരു സംവത്സരവും ആകുന്നു. ദൈവീക ശക്തികള്‍ കുടുതല്‍ ഉണർന്നിരിക്കുന്ന കാലമാണ് ഉത്തരായനകാലം. 

അതുകൊണ്ടാണ് നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ ഉത്തരായനകാലം തെരഞ്ഞെടുക്കുന്നത്. ദേവ പ്രതിഷ്ഠാദി കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത് ഈ സമയത്താണ് . ഭൂമിയില്‍ സുര്യ ചൈതന്യം കുടുതല്‍ അനുഭവപ്പടുന്നതും ഈ  സമയത്താണ്. ഉത്തരായനത്തില്‍ പകല്‍ സമയം കുടുതല്‍ ആണ്. കര്‍മ്മ സാക്ഷിയായ സൂര്യ ദേവനെ മാതൃകയാക്കി കുടുതല്‍ നല്ല കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ ഈ സംക്രമം നമ്മെ പ്രേരിപ്പിക്കും. നമ്മുടെ കഴിഞ്ഞ കാലത്തെ വിലയിരുത്തി തിന്മയെ പരിപൂര്‍ണമായും ഇല്ലാതാക്കിക്കൊണ്ട്, നന്മയിലേക്ക് , വെളിച്ചത്തിലേക്ക് നീങ്ങാന്‍ വഴിയൊരുക്കുകയാണ് ഇത്തരം ഉത്സവങ്ങൾ.
ഉത്സവം എന്ന പദത്തിനര്‍ത്ഥം മേല്പോട്ടുള്ള ഒഴുക്ക് അഥവാ പ്രവാഹം എന്നാണ്.
ഭഗീരഥന്‍ ആകാശ ഗംഗയെ പിതൃ മോക്ഷത്തിനായി ഭൂമിയില്‍ കൊണ്ടുവന്നത്, വിഷ്ണു, കൂര്‍മ അവതാരം കൈക്കൊണ്ടത്,  ഭീഷ്മാചാര്യന്‍ മരണത്തെ പുല്‍കിയത് എല്ലാം ഈ ഉത്തരായനത്തിലാണ് .
ആത്മാവിന്റെയും  മനസിന്റെയും  ദേവന്മാരായ സുര്യ -ചന്ദ്രന്മാര്‍ക്ക്  ബലാധിക്യമുള്ള കാലമാണ് ഉത്തരായനം. അതുകൊണ്ട് തന്നെ നമ്മുടെ ആത്മ-മനോ ബലം വര്‍ധിക്കുന്ന ഈ  സമയത്ത് നല്ല കാര്യങ്ങള്‍ക്ക് ആരംഭം കുറിക്കണം.
ഈ മകര സംക്രമ വേളയില്‍, 
ഒരു നല്ല നാളേക്ക് വേണ്ടി, സ്വധര്‍മ്മവും,കർമ്മവും
ധർമ്മത്തിനനുസരിച്ചു മാത്രം നിര്‍വ്വഹിച്ച് ഭാവി ശോഭനമാക്കാം എന്നു പ്രതിജ്ഞയെടുക്കാം.
എല്ലാവർക്കും മകരവിളക്ക് ആശംസകൾ.                        

                 തിരുവാതിര മാഹാത്മ്യം



        സ്ത്രീകളുടെ ആഹ്ളാദത്തിമർപ്പിന്റെ ഉത്സവമാണ് ധനുമാസത്തിലെ തിരുവാതിര. ലോകമാതാപിതാക്കളായി കണക്കാക്കുന്ന ശ്രീപാർവ്വതീപരമേശ്വരന്മാരെയാണ് കുടുംബ ജീവിതത്തിന്റെ ഐശ്വര്യദേവതമാരായി കണക്കാക്കുന്നത്.ജഗത്പിതാവായ ശ്രീപരമേശ്വരന്റെ പിറന്നാളായി ധനുമാസത്തിലെ തിരുവാതിര  ആചരിക്കുന്നു. സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കുടുംബസൗഖ്യത്തിനു വേണ്ടിയും വ്രതാനുസ്ഠാനത്തോടെ തിരുവാതിര ദിവസം ആചരിക്കുന്നു.
       ശിവ-പാർവ്വതി പ്രണയവുമായി ബന്ധപ്പെട്ട ഐതിഹ്യവും നിലനില്ക്കുന്നുണ്ട്. സാക്ഷാൽ ശ്രീപരമേശ്വരനെ ഭർത്താവായി ലഭിക്കുവാൻ ശ്രീപാർവ്വതി കഠിന തപസ്സനുസ്ഠിച്ചു. അതിൽ സംപ്രീതനായ പരമശിവൻ പ്രത്യക്ഷനായി പാർവ്വതിയെ അനുഗ്രഹിച്ചത് ധനുമാസത്തിലെ തിരുവാതിര നാളിലാണെന്നും ഈ സ്മരണ  നില നിർത്തുന്നതിനാണ് തിരുവാതിര ആഘോഷിക്കുന്നതെന്നുമാണ് ഐതിഹ്യം.
         തിരുവാതിരയുടെ ആചാരുഷ്ഠാനങ്ങളിൽ കേരളത്തിൽ ഓരോസ്ഥലത്തും ചെറിയ ചില വ്യത്യാസങ്ങൾ കാണാം. എന്നിരുന്നാലും തിരുവാതിര നൊയമ്പ്, ഉറക്കമൊഴിക്കൽ, പാതിരാപ്പൂ ചൂടൽ,  അതിനുശേഷമുള്ള മംഗലപാതിര പാടലും,സ്വയംവരം പാടലും എല്ലാ  സ്ഥലങ്ങളിലും ഒരുപോലെ ആചരിക്കുന്നു.
      കേരളത്തിന്റെ തെക്കൻഭാഗങ്ങളിൽ വൃശ്ചികമാസത്തിലെ തിരുവാതിര തൊട്ടു തന്നെ തിരുവാതിര വ്രതം ആചരിക്കും. ഈ പ്രദേശങ്ങളിൽ തിരുവാതിര കളിക്കും എട്ടങ്ങാടി ചുടീലിനുമാണ് പ്രാധാന്യമെങ്കിൽ മദ്ധ്യകേരളത്തിൽ തിരുവാതിരക്ക്  പത്തു നാൾ മുമ്പേ മാത്രമാണ് വ്രതവും പാട്ടും തിരുവാതിര കളിയും ആരംഭിക്കുന്നത്. തണുപ്പിനെ തണുപ്പ് കൊണ്ടുതന്നെ ചെറുക്കുന്ന, പാർവ്വതിയുടെ തപസ്സിനെ അനുസ്മരിപ്പിക്കുന്ന അനുഷ്ഠാനങ്ങൾതന്നെയാണ് തിരുവാതിര വ്രതത്തിലും അനുഷ്ഠിക്കുന്നത്. കുളിരുന്ന മഞ്ഞ് വകവയ്ക്കാതെ നെഞ്ഞറ്റം വെള്ളത്തിലിറങ്ങിനിന്ന് നീന്തി തുടിക്കുകയും, പകലൊക്കെ പാടിക്കളിക്കുകയും ചെയ്യുന്നതിന്റെ സന്തോഷം ഒരുഭാഗത്തും; അനുകൂലമായ ദാമ്പത്യത്തിനുവേണ്ടിയുള്ള വ്രതദീക്ഷയും ഈശ്വര ഭജനവും മറുഭാഗത്തും ഒരുപോലെ കൊണ്ടാടിയിരുന്നതാണ് തിരുവാതിരയുത്സവം.
      വൃശ്ചികമാസത്തിലെ തിരുവാതിര മുതലാണ് തിരുവാതിരകളി തുടങ്ങുന്നത്. ഗുരുവിനേയും സദസ്സിനേയും വന്ദിച്ചതിനുശേഷം ആദ്യമായി ഗണപതിസ്തുതി ചെയ്തുകൊണ്ട് പാടിക്കളിക്കുന്നു. വിഗ്നേശ്വരനായ ഭഗവാനെ തിരുവാതിരകളിയുടെ ആരംഭം മുതൽ പരിസമാപ്തി വരെ വിഘ്നങ്ങളില്ലാതെ തുണയ്ക്കണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് തിരുവാതിരകളി ആരംഭിക്കുന്നു. ഇത് തിരുവോണം വരെ വൈകുന്നേരമാണ് കളിക്കുന്നത്. സന്ധ്യയോടെ കളിയവസാനിക്കും. തിരുവോണം മുതൽ സന്ധ്യയ്ക്കാണ് കളി. ഈ ചടങ്ങകൾ ശ്രീകൃഷ്ണനെ ഭർത്താവായി ലഭിക്കുന്നതിനുവേണ്ടി ഗോപസ്ത്രീകൾ അനുഷ്ഠിച്ച കാർത്ത്യായനി വ്രതത്തെ ഓർമ്മിപ്പിക്കുന്നു. വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങുന്ന നാൽപ്പത്തിയൊന്നു ദിവസത്തെ വ്രതം അവസാനിപ്പിച്ചത് ധനുമാസത്തിലെ തിരുവാതിര നാളിൽതന്നെ ആയിരിക്കാം. ധനുമാസത്തിലെ മഞ്ഞണിഞ്ഞ പുലർകാലങ്ങളിൽ അശ്വതിനാൾ മുതൽ തിരുവാതിര വരെ സൂര്യനുദിക്കുന്നതിന് മുമ്പുതന്നെ സ്ത്രീകൾ അഷ്ടമംഗല്യവും നിലവിളക്കുമായി കുളത്തിലെത്തുന്നു. വെള്ളത്തിൽനിന്ന് കീർത്തനങ്ങൾ പാടി തുടിച്ചുകുളിച്ച് നീന്തിക്കയറി അലക്കിയ തോർത്തുകൊണ്ട് തോർത്തി അലക്കിയ പുടവയുടുത്ത്, ദശപുഷ്പം ചൂടി(തിരുതാളി,കറുക, നിലപ്പന, ചെറൂള, ഉഴിഞ്ഞ, കയ്യുണ്ണി, പൂവാംകുരുന്നില, മുയൽചെവിയൻ, മുക്കുറ്റി, വിഷ്ണുക്രാന്തി) ചന്ദനക്കുറിയിട്ട്, കുങ്കുമവും ചാന്തുംതൊട്ട്, കണ്ണെഴുതി,വെറ്റിലമുറുക്കി കുളക്കടവിൽനിന്നും തിരിച്ചുവരുന്നു. ഇതോടെ തിരുവാതിരയുടെ പ്രധാന ചടങ്ങുകൾ തുടങ്ങുന്നു. ദേഹത്തിന് തണുപ്പു നിൽക്കുന്ന ഭക്ഷണങ്ങളായ കൂവ, ചെറുപഴം, കരിക്ക് ഇവ നിർബന്ധമാണ്. നേന്ത്രക്കായ വട്ടത്തിൽ നുറുക്കി
വറക്കുന്നു. മുത്തശ്ശിമാർ മുതൽ പേരക്കുട്ടികൾ വരെ ഒന്നിച്ചു കൂടുന്ന തിരുവാതിരകളിയിൽ കഥകളിപ്പദങ്ങൾ മുതൽ ചെറിയ തമാശപ്പാട്ടുകൾവരെ പാടുന്നുണ്ട്. കുട്ടികൾ പാട്ടുകൾപാടി കളിക്കുന്നതു വളരെ കൗതുകകരമാണ്. വിശേഷദിവസങ്ങളിൽ പാടു വാൻ ഏകാദശിമാഹാത്മ്യം പ്രദോഷമാഹാത്മ്യം ഇങ്ങനെ നിരവധിപാട്ടുകൾ വേറെയും ഉണ്ട്.
     തിരുവാതിരനോമ്പ് ആചരണം മകയിരത്തിലെ കാൽനാഴിക മുതൽ തിരുവാതിര മുഴുവനും പുണർതം നാളിന്റെ കാൽഭാഗവും വരുന്നു. ഇതിൽ ഏറ്റവും പ്രാധാന്യം തിരുവാതിര നൊയമ്പിനാണ്. തിരുവാതിര നൊയമ്പ് ഭർത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടിയാണ്. മകയിരം നൊയമ്പ് മക്കൾക്കുവേണ്ടിയും അനുഷ്ഠിക്കുന്നു. ഇത് കുടുംബബന്ധത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നു.
    മകയിരം നാളിലാണ് വളരെ പ്രധാനമായ എട്ടങ്ങാടി നിവേദ്യം. വൈകുന്നേരം തന്നെ കിഴക്കുഭാഗത്ത് ചാണകം മെഴുകി കനൽകൂട്ടി എട്ടുതരം കിഴങ്ങുകൾ - ചേന,ചേമ്പ്,കാച്ചിൽ,കാട്ടുചേമ്പ്, ചെറുകിഴങ്ങ്, കൂർക്ക, എത്തക്കായ, പഴം, ഇവ ചുടുവാൻ ഇടുന്നു. ഇവ ചുട്ടെടുത്ത് ചെറുപയർ വറുത്തതും കരിമ്പും കൂട്ടി ശർക്കര പാവുകാച്ചിയത് ഇട്ട് പുരട്ടി എടുക്കുന്നു. ഇതാണ് എട്ടങ്ങാടി. മകയിരവും തിരുവാതിരയും പൂത്തിരുവാതിരക്കാർക്കാണ് പ്രധാനം. മകയിരം നാൾ സന്ധ്യയ്ക്കുവരുന്ന ദിവസമാണ് മകയിരം സദ്യയും എട്ടങ്ങാടിയും. ആ ദിവസം വൈകുന്നേരം തേച്ചുകുളിച്ച് അലക്കിയ മുണ്ടുടുത്ത് മൈലാഞ്ചി അണിഞ്ഞ്, കുറികളിട്ട്, കണ്ണെഴുതി, ഗണപതിക്കുവച്ച് വിഭവസമൃദ്ധമായ സദ്യ ഉണ്ണുന്നു. സന്ധ്യയ്ക്കു വിളക്കുവച്ച് നടുമുറ്റത്ത് എട്ടങ്ങാടി, കരിക്ക്, വെറ്റില,  അടയ്ക്ക ഇവ നേദിച്ച് കളി തുടങ്ങുന്നു. രാത്രി പന്ത്രണ്ടു മണിയോടെ കളി അവസാനിപ്പിക്കും.

     മകയിരം എട്ടങ്ങാടി കഴിഞ്ഞാൽ തിരുവാതിര നൊയമ്പ് തുടങ്ങും. നൊയമ്പിന് കൂവ കുറുക്കിയത്, ചെറുപഴം, കായ വറുത്തത്,  എട്ടങ്ങാടി,  പുഴുക്ക് ഇവ പ്രധാനമാണ്. തിരുവാതിര ആഘോഷിക്കുന്നത് ധനുമാസത്തിൽ അതായത് ഡിസംബർ ജനുവരി മാസത്തിൽ ശുക്ല പക്ഷത്തിൽ പൗർണ്ണമി ദിവസം തിരുവാതിര നാളിലാണ്. തിരുവാതിര തുടങ്ങുന്നതോടെ 108 വെറ്റില മുറുക്കാൻ തുടങ്ങും. അന്നു രാത്രി ഗണപതിക്ക് കരിക്ക്,വെറ്റില  ഇവ നേദിച്ച് കളിതുടങ്ങും. ആ ദിവസത്തെ കളിയിൽ സ്വയംവരങ്ങൾക്കാണ് പ്രാധാന്യം. പാർവ്വതി സ്വയംവരം, പാഞ്ചാലീസ്വയംവരം, സുഭദ്രാഹരണം, ലക്ഷ്മീ സ്വയംവരം ഇവയെല്ലാം പാടിക്കളിക്കുന്നു. തിരുവാതിരനക്ഷത്രം തലയ്ക്കുമുകളിൽ എത്തുന്നതിനു മുമ്പായി ഏകദേശം അര്ദ്ധരാത്രിയോടെ പാതിരാപൂവ് കൊണ്ടുവരാനുളള പുറപ്പാടായി. അഷ്ടമംഗല്യവും ചങ്ങലവട്ടയും ആർപ്പും കുരവയുമായി 'ഒന്നാനാം മതിലകത്ത് ' എന്നു തുടങ്ങുന്ന പാട്ടു പാടിയാണ് പൂവിന് പോകുന്നത്. പൂവുമായി തിരിച്ചുവരുമ്പോൾ വഞ്ചിപ്പാട്ടാണ് പാടാറ്. ഇതിൽ വ്യാസോല്പത്തി പ്രധാനമാണ്. തിരിച്ചുവന്ന് എല്ലാവരും പൂവുംചൂടി മുറുക്കി കരിക്കു കുടിച്ചുകഴിഞ്ഞാണ് പ്രസിദ്ധമായ മംഗലപാതിര പാടുന്നത്. മംഗലപാതിര കഥ ഇങ്ങനെയാണ്.
     കുട്ടിക്കാലം മുതൽ ശിവ-പാർവ്വതി പൂജ ചെയ്തു വളർന്ന ഒരു പെൺകുട്ടിക്ക് വളരെ ചെറുപ്പത്തിലേ വൈധവ്യം വന്നു. അവളുടെ കരച്ചിൽ കേട്ട് മനസ്സലിഞ്ഞ ശ്രീപാർവ്വതി ശിവന്റെ സമീപത്തുചെന്ന് ആവലാതിപ്പെട്ടു. "വിധിയെ തടുക്കുവാൻ പറ്റുമോ? " എന്ന പരമേശ്വരന്റെ ചോദ്യത്തിൽ തൃപ്തിയാകാതെ പാർവ്വതി സ്വയം എല്ലാ മംഗള വസ്തുക്കളേയും ഉപേക്ഷിച്ചു. ശിവനെത്തന്നെയും ഉപേക്ഷിച്ചു. ശ്രീപാർവ്വതി യുടെ ദുഃഖം കണ്ട് മനസ്സലിഞ്ഞ ശിവൻ യമലോകത്തേയ്ക്ക് ഒന്നു നോക്കിയപ്പോഴേക്കും യമധർമ്മൻ ഭയപ്പെട്ടു പെൺകുട്ടിയുടെ ഭർത്താവിന് ജീവൻ തിരിച്ചു കൊടുത്തു. ശ്രീപാർവ്വതി സന്തുഷ്ടയായി. ഈ പാട്ടുപാടി കളിക്കുന്നവർക്ക് നെടുമംഗല്യവും സർവ്വവിധ ശ്രേയസ്സുകളും ഉണ്ടാകുമെന്നാണ് ഫലശ്രുതി. മംഗലയാതിര പാടിയതിനുശേഷം ലക്ഷ്മീ സ്വയംവരവും പാടുന്നു.ഇതിനുശേഷമാണ് തമാശപ്പാട്ടുകളും കളികളും. ഉറക്കം കളയുവാനുള്ള പാട്ടുകളാണ് പ്രധാനം. നാലുമണി ആകുമ്പോഴേയ്ക്കും മംഗളം പാടി കളി അവസാനിപ്പിച്ച്, കുളിച്ച്  ആദ്രാദർശനത്തിനായി ശിവക്ഷേത്രത്തിൽ പോകുന്നു. ഉദിക്കുന്നതിനുമുമ്പ് തിരുവാതിരനാൾ ഉള്ളപ്പോഴാണ് ആദ്രാദർശനം.
     പുണർതം നാളിന്റെ കാൽനാഴികകൂടി നോയമ്പാചരിച്ച് തിരുവാതിരയുടെ പരിസമാപ്തിയായി. ഒരു തിരുവാതിരയുടെ മധുരസ്മരണയുമായി അടുത്ത തിരുവാതിരയ്ക്കുള്ള കാത്തിരുപ്പ്. ദാമ്പത്യ ജീവിതത്തിന്റെ കെട്ടുറപ്പിനും നെടുമാംഗല്യത്തിനും വേണ്ടിയാണ് സ്ത്രീ വ്രതാനുസ്ഠാനം നടത്തുന്നതും തിരുവാതിര ആഘോഷിക്കുന്നതും എന്നത് പുരുഷന്  സന്തോഷം പകരുന്ന കാര്യമാണ്.
     കുടുംബ ബന്ധങ്ങളെ സുദൃഢമാക്കുന്നതിന് ഈ ആഘോഷങ്ങൾക്ക് ഏറെ പ്രധാന്യമുണ്ട്. ഹിന്ദുത്വത്തിന്റെ ഉയർത്തെഴുന്നേൽപ്പിന് കാരണങ്ങളായ ഉത്സവങ്ങളുടെ പ്രധാന്യം മനസ്സിലാക്കി കുടുംബത്തിനും സമൂഹത്തിനുംവേണ്ടി അവ അനുഷ്ഠിക്കുവാനും അതിൽ ക്കൂടി വ്യക്തി ബന്ധങ്ങൾ സുദൃഢമാക്കുവാനും ഈ ആഘോഷങ്ങളും വ്രതാനുഷ്ഠാനങ്ങളുംകൊണ്ട് സാധ്യമാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

Thursday, 29 December 2016


"സർവ്വം ഭവത് പ്രേരണയൈവ ഭൂമൻ"- സത്കർമ്മങ്ങളെല്ലാം ഭഗവത് പ്രേരണകൊണ്ടാണ് സംഭവിക്കുന്നത് എന്ന് നാരായണീയം അരുളുന്നു. നമ്മിലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ഈശ്വരകൃപയെ അഹങ്കാരവും സ്വാർത്ഥതയുമാകുന്ന ചിറകെട്ടി തടയുന്നതു നമ്മൾ തന്നെയാണ്. 'ഞാൻ ചെയ്യുന്നു' എന്നു നമ്മൾ കരുതുന്ന നിസ്സാര പ്രവർത്തികൾപോലും നമുക്ക് ചെയ്യുവാൻ സാധിക്കുന്നത് ഈശ്വരകൃപ ഒന്നുകൊണ്ടു മാത്രമാണ്.

ഈശ്വരന്റെ ശക്തിയാണ് നമ്മെ നയിക്കുന്നത്.  അച്ഛനമ്മമാരെ തെരുവിൽ ഉപേക്ഷിക്കുന്ന മക്കളും മക്കളെ സ്നേഹിക്കാത്ത മാതാപിതാക്കളുമുണ്ട്. ഒരു ചെടി മണ്ണിൽനിന്ന്  ഈർപ്പവും വളവും വലിച്ചെടുത്ത് വളരുന്നതുപോലെ തന്റെ സംസ്കാരവും പൈതൃകവും ആവാഹിച്ച് നിലനിർത്തി ഇളം തലമുറയ്ക്ക് പികർന്നു നൽകുവാൻ നമുക്ക് കഴിയണം.

ഭാരതീയ സംസ്ക്കാരത്തിൽ നിലനിന്നിരുന്ന പല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളെന്ന് പലരും പറഞ്ഞു  പരത്തിയിരുന്നു. അവയ്ക്കൊക്കെ ശാസ്ത്രീയമായ അടിത്തറയുണ്ടെന്ന് ഇന്ന് കണ്ടെത്തിയിരിക്കുന്നു. ഭാരത സംസ്കാരത്തിൽ നിലനില്ക്കുന്ന വിശ്വാസപ്രമാണങ്ങളെ പ്രായോഗികമായ രീതിയിൽ ഇവിടെ വിശദീകരിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ടതും അവൻ അനുഷ്ടിക്കേണ്ടതുമായ കാര്യങ്ങളാണ് പ്രതിപാദിക്കുന്നത്. ആചാരാനുഷ്ഠാനങ്ങൾക്ക് അടിത്തറ പാകിയത് നമ്മുടെ ഋഷീശ്വരന്മാരാണ്. മനുസ്മൃതിയിൽ നാം എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്ന് ആദിമനു വിധിച്ചിട്ടുണ്ട്. ആചാര്യന്മാർ അത് തലമുറകൾക്ക് അറിയിച്ചു നൽകുന്നുണ്ട്.

മനുഷ്യൻ തന്റെ ജീവിതയാത്രയിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും പ്രതിബന്ധങ്ങളും ഇല്ലാതാക്കുന്നതിനും,അവനെ നേർവഴിയിൽ നയിക്കുന്നതി നും ഒരു ശക്തിയെ ആശ്രയിക്കുന്നു. ആ മഹാശക്തിയാണ് നാം താങ്ങും തണലും മാർഗദർശിയുമായി കാണുന്ന ഈശ്വരൻ.

ഈശ്വരസന്നിധിയിൽ മനസ്സു തുറക്കുമ്പോൾ തന്നെ കഷ്ടപ്പാടുകൾക്കും പരാതികൾക്കും പരിഭവങ്ങൾക്കുമെല്ലാം പരിഹാരമായി അവിടുന്നു കിട്ടുന്ന സമാധാനവും സംതൃപ്തിയും നിർവചിക്കാൻ പറ്റാത്തതുതന്നെയാണ്. അതുകൊണ്ടുതന്നെ ഹൈന്ദവജനതയുടെ രക്തത്തിൽ അലിഞ്ഞുചേർന്ന സംസ്കാരപാരമ്പര്യമായി ക്ഷേത്രസംസ്കാരവും ഈശ്വരവിശ്വാസവും നിലനില്ക്കുന്നു.

ദൈവത്തിന്റെ  സ്വന്തം നാടെന്ന ഓമനപ്പേരുള്ള ഈ കൊച്ചു കേരളത്തിൽ ഏതാണ്ട് ഇരുപത്തയ്യായിരത്തിനടുത്ത് ക്ഷേത്രങ്ങളുണ്ടെന്ന് കണക്കുകൾ പറയുന്നു. ഈശ്വരകാര്യങ്ങൾക്കായി നമ്മുടെ ദൈനംദിന ചെലവുകളുടെ കൂട്ടത്തിൽ ഒരുവിഹിതം മാറ്റിവയ്ക്കുന്ന സ്ഥിതിയിലേക്ക് ഭക്തിസാധന വളർന്നുകഴിഞ്ഞു.              
      
നമ്മുടെ പാരമ്പര്യം, സംസ്കാരം, പൈതൃകം ഒക്കെ നാം അറിയണം. അടിത്തറ ആഴത്തിൽ ബലത്തിൽ പണിതാൽ മാത്രമേ കെട്ടിടം ഉയരത്തിൽ പണിയാൻ കഴിയൂ. ഭാരതസംസ്കാരത്തിൽ ഋഷിവര്യന്മാരും സന്യാസശ്രേഷ്ഠന്മാരും ഈശ്വരതുല്യരായത് അവരുടെ ചിട്ടയോടെയുള്ള ജീവിതം കൊണ്ടാണ്. ചിട്ടയായ ജീവിതംകൊണ്ട് നമുക്ക് സന്തോഷകരവും ആനന്ദപ്രദവും ആരോഗ്യകരവുമായ നല്ല നാളെകളെ വാർത്തെടുക്കുവാൻ സാധിക്കുമെന്ന് ആചൃര്യന്മാർ നമ്മെ പഠിപ്പിക്കുന്നു.

പ്രാണനെ ചൈതന്യവത്താക്കുന്ന ശക്തിവിശേഷത്തിന് പരമാത്മാവ് അഥവാ ഈശ്വരൻ എന്നു പറയുന്നു.

ഈശ്വരൻ സർവ്വവ്യാപിയാണ്. എന്നിലും, നിന്നിലും, തൂണിലും, തുരുമ്പിലും, കാറ്റിലും, കടലിലും, കരയിലും, കാർമേഘത്തിലും, സുഖത്തിലും, ദുഃഖത്തിലും, നന്മയിലും, തിന്മയിലും,എങ്ങും,എവിടെയും ഈശ്വരനുണ്ട്. ആ ഈശ്വരനെ നാം സ്തുതിച്ചാൽ ആശ്രയിച്ചാൽ നമുക്ക് നന്മകൾ ഉണ്ടാകും എന്ന വിശ്വാസമാണ് ഇങ്ങനെയൊരു ഉദ്യമത്തിന് പ്രചോദനമായത്.

ഒരു വ്യക്തിയുടെ ജീവിതചര്യയിൽ അവന്റെ ഒരുദിവസം ആരംഭിക്കുന്നത് ഉറക്കംവിട്ട് എഴുന്നേൽക്കുന്നതു മുതലാണ്. എഴുന്നേൽക്കുന്നതുമുതൽ എന്തൊക്കെ കാര്യങ്ങളാണ് നാം അനുഷ്ടിക്കേണ്ടത് എന്ന്  ഇവിടെ പ്രതിപാദിക്കുന്നു.ബ്രാഹ്മമുഹൂർത്തത്തിൽ (രാത്രിയുടെ നാലാം യാമം, ഒരു യാമം മൂന്നു മണിക്കൂർ) തന്നെ നാം നിദ്രവിട്ട് എഴുന്നേൽക്കണം. സൂര്യോദയത്തിന് മൂന്നു മണിക്കൂർ മുമ്പാണ് ബ്രാഹ്മമുഹൂർത്തം ആരംഭിക്കുന്നത്. ഈ സമയത്ത് ബ്രഹ്മാവ് ഉണർന്നിരിക്കുന്നതിനാൽ ധർമ്മപത്നിയായ സരസ്വതീദേവിയും ഈ സമയത്ത് ഉണർന്നിരിക്കും.

അതുകൊണ്ടുതന്നെ രാത്രി നാലാം യാമത്തെ സരസ്വതീയാമമെന്നും പറയുന്നു. സരസ്വതി വിദ്യയുടെ ദേവതയാണ്. സരസ്വതി ഉണർന്നിരിക്കുന്ന ഈ സമയത്ത് കുട്ടികൾ എഴുന്നേറ്റു പഠിച്ചാൽ പഠിക്കുന്ന കാര്യങ്ങൾ വരെ വേഗത്തിൽ ഹൃദിസ്ഥമാക്കാൻ സാധിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

ഭഗവത് ഭക്തിയുടെ മാനദണ്ഡം പാണ്ഡിത്യമോ ധനമോ അല്ല. അർപ്പണ ബുദ്ധിയോടെയുള്ള പ്രാർത്ഥനയാണ്.

നിദ്ര വിട്ട് ഉണർന്ന് നിവർന്നുകിടന്ന് കരദർശനം നടത്തണം.

എന്താണ്  കരദർനം?

ലോകത്തിൽ എല്ലാ ജീവികൾക്കും ശക്തി പകരുന്നത് ദേവിയാണ്. ദേവി ശക്തിസ്വരൂപിണിയാണ്. നാം പ്രവൃത്തികൾ ചെയ്യുന്നത് നമ്മുടെ കരങ്ങൾ കൊണ്ടാണ്.ശക്തിസ്വരൂപിണിയായദേവിയോട്പ്രവൃത്തികൾ ചെയ്യുവാൻ കൈകൾക്ക് ശക്തി തരണേയെന്ന് അപേക്ഷിക്കുന്ന പ്രാർത്ഥന ഇങ്ങനെയാണ്.

കാരാഗ്രെ വസതെ   ലക്ഷ്മീ
കരമദ്ധ്യേ സരസ്വതി
കരമൂലേ സ്ഥിതൗഗൗരി
പ്രഭാതേ കരദർശനം"

പ്രാർത്ഥന കഴിഞ്ഞ് വലതുവശം ചരിഞ്ഞ് എഴുന്നേറ്റ് അല്പസമയം ഇരിക്കണം. അതിനുശേഷം പതുക്കെ കുനിഞ്ഞ് സർവ്വ ചരാചരങ്ങളുടേയും മാതാവായ ഭൂമീദേവിയെ തൊട്ടു വന്ദിക്കണം.

ആദ്യം മാതാവിനെ വന്ദിക്കുക എന്നത് വിധിയാണ്.

"സമുദ്ര വസനേ ദേവി
പർവ്വത സ്ഥന മണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദസ്പർശം ക്ഷമസ്വമേ"


എന്നു ഭൂമീദേവിയെ തൊട്ടു തലയിൽവച്ചു പ്രാർത്ഥിക്കണം.         

               
ഭൂമിയിൽ തൊട്ടു തലയിൽവയ്ക്കുമ്പോൾ ശുദ്ധമായ ഭൗമോർജ്ജം നമ്മുടെ ശരീരത്തിലേക്ക് പ്രവഹിക്കുകയും നാം ഊർജ്ജസ്വലരാകുകയും ചെയ്യുന്നു. ഇതിനൊക്കെ ഭൂമീദേവിയുടെ അനുഗ്രഹം നമുക്കുണ്ടാകുന്നു.

എഴുന്നേറ്റു കഴിഞ്ഞാൽ നാം ചെയ്യേണ്ടത് ശൗചമാണ്.ശൗചമാണ് രണ്ടു വിധമുണ്ട്. ബാഹ്യശൗചവും ആന്തരിക ശൗചവും. ബാഹ്യശൗചം-വിസർജ്ജനം,ദന്തശുദ്ധി, കുളി(സ്നാനം).

ആന്തരിക ശൗചം- മനശുദ്ധിയാണ്. മലമൂത്ര വിസർജ്ജനം ചെരിഞ്ഞ് ദന്തശുദ്ധി വരുത്തണം. ഒരു ചൊല്ലുണ്ട് "പല്ലു നന്നെങ്കിൽ പാതി നന്ന്, മുഖം നന്നെങ്കിൽ മുഴുവൻ നന്ന്" എന്ന്. രാത്രി കിടന്നുറങ്ങുമ്പോൾ വായിൽ അടിഞ്ഞുകൂടുന്ന അണുക്കളും ദുർഗന്ധവും അകറ്റുവാനാണ് രാവിലെ പല്ലുതേയ്ക്കുന്നത്. പല്ലിന്റെ  ന്ദര്യം മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. പല്ലുതേച്ചു കഴിഞ്ഞാൽ പിന്നെ എണ്ണ തേച്ചു കുളിക്കണം. ശരീരത്തിലെ അഴുക്കുകളോടൊപ്പം മനോമാലിന്യങ്ങളും അകലട്ടെയെന്നാണ് സ്നാനസങ്കല്പം. എണ്ണ തേച്ചുകുളി ആരോഗ്യം വർദ്ധിപ്പിക്കും. എണ്ണ ആദ്യം പുരട്ടേണ്ടത് പാദത്തിലാണ്. വലതു കൈകൊണ്ട് ഇടതു പാദത്തിലും ഇടതുകൈകൊണ്ട്  വലതു പാദത്തിലും എണ്ണ പുരട്ടിയതിനുശേഷം മുകളിലോട്ടു പുരട്ടണം. ഇരുന്നുകൊണ്ട് തലയിലും ഒടുവിൽ മുഖത്തും എണ്ണ പുരട്ടണം. കിഴക്കോട്ടു നോക്കിയിരുന്നു വേണം എണ്ണ പുരട്ടാൻ.

ശരീരത്തിലെ  രോമകൂപങ്ങളെ അടച്ച്, ശുദ്ധവായു അകത്തുകടക്കുവാൻ തടസ്സം നില്ക്കുന്ന വിയർപ്പും മാലിന്യങ്ങളും കളയുന്നതിനും, ചർമ്മം വരളുന്നത് തടയുന്നതിനും ചർമ്മത്തിന് മിനുസമുണ്ടാകുന്നതിനും എണ്ണതേച്ചുകുളി അത്യാവശ്യമാണ്. തേച്ചുകുളിക്ക് എള്ളെണ്ണയാണ് ഉപയോഗിക്കുന്നത്. എള്ള് ഔഷധഗുണമുള്ളതാകയാൽ ത്വക്കിനെ ബാധിക്കുന്ന രോഗാണുക്കൾ നശിച്ചുപോവുകയും രോഗപ്രധിരോധം സാധിക്കുകയും ചെയ്യുന്നു.

കുളി രാവിലെ തന്നെ വേണമെന്നാണ്. "പ്രാതഃസ്നാനം ബുദ്ധിവിശേഷം മഹൗഷധം" എന്നാണ്. രാവിലെയുള്ള കുളി.            
            
അമിതമായ മന്ത്രം ജപിച്ച് പ്രസവം ചെയ്യുന്ന സ്നാനം ബ്രാഹ്മം. ജലത്തിന്റെ സ്നാനം വാരുണം. പശുവിന്റെ ചാണകപ്പൊടി ദേഹത്തിലേൽപ്പിക്കുന്നത് വായവ്യം. ശരീരമാസകലം ഭസ്മം പൂശുന്നത് ആഗ്നേയം. ദേഹം മുഴുവൻ എണ്ണ തേച്ചുകുളി അഭ്യംഗം. മുങ്ങിക്കുളിയാണ് ആരോഗ്യത്തിന് ഉത്തമം. ഇതുകൊണ്ട് ശരീരം ശുദ്ധമാകുന്നതോടൊപ്പം ശരീരത്തിന് നല്ല കുളിർമ്മയും വ്യായാമവും ലഭിക്കുന്നു. അഞ്ചാറുപ്രാവശ്യം മുങ്ങിക്കുളിക്കുമ്പോൾ ശരീരാവയവങ്ങൾ  വേണ്ടത്ര ചലിക്കുന്നതിനാൽ പ്രവർത്തനശേഷി കൂടുന്നു. ശ്വാസം പിടിച്ചു മുങ്ങുന്നത് പ്രാണായാമം നടത്തുന്നതിനു തുല്യമാണ്. മുങ്ങിക്കുളിക്കുമ്പോൾ ഗംഗയെ ധ്യാനിക്കണം. എല്ലാം   ശുദ്ധീകരിക്കുന്നതാണ് ഗംഗ. മുങ്ങിക്കുളി പാപശാന്തിക്കുള്ള ഒരു കർമ്മം കൂടിയാണ്.

കുളിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം ഇതാണ്.

"ഗംഗേ ച യമുന ചൈവ
ഗോദാവരി സരസ്വതി 
നർമ്മദേ സിന്ധു കാവേരി
ജലേസ്മിൻ സന്നിധിം കുരു"

കുളികഴിഞ്ഞാൽ കടവിൽ വെള്ളത്തിൽ നിന്നുകൊണ്ടുതന്നെ കിഴക്കോട്ടു നോക്കി സൂര്യദേവനെ തൊഴുതു ധ്യാനിക്കണം.

സൂര്യധ്യാന മന്ത്രം

"ആദിദേവ നമസ്തുഭ്യം
പ്രസീദ മമ ഭാസ്കര
ദിവാകര നമസ്തുഭ്യം
പ്രഭാകര നമോസ്തുതേ"

ധ്യാനം കഴിഞ്ഞ് ആദ്യം തോർത്തേണ്ടത് മുതുകാണ്(പുറം) പിന്നെ മുഖം,കൈകൾ,ശരീരം, ഒടുവിൽ പാദം. മേലുതേയ്ക്കുമ്പോൾ ആദ്യം മുഖം, തോർത്തുമ്പോൾ ആദ്യം പുറം. ഇതിനു കാരണമുണ്ട്.
                               (തുടരും)