തിരുവാതിര മാഹാത്മ്യം
സ്ത്രീകളുടെ ആഹ്ളാദത്തിമർപ്പിന്റെ ഉത്സവമാണ് ധനുമാസത്തിലെ തിരുവാതിര. ലോകമാതാപിതാക്കളായി കണക്കാക്കുന്ന ശ്രീപാർവ്വതീപരമേശ്വരന്മാരെയാണ് കുടുംബ ജീവിതത്തിന്റെ ഐശ്വര്യദേവതമാരായി കണക്കാക്കുന്നത്.ജഗത്പിതാവായ ശ്രീപരമേശ്വരന്റെ പിറന്നാളായി ധനുമാസത്തിലെ തിരുവാതിര ആചരിക്കുന്നു. സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കുടുംബസൗഖ്യത്തിനു വേണ്ടിയും വ്രതാനുസ്ഠാനത്തോടെ തിരുവാതിര ദിവസം ആചരിക്കുന്നു.
ശിവ-പാർവ്വതി പ്രണയവുമായി ബന്ധപ്പെട്ട ഐതിഹ്യവും നിലനില്ക്കുന്നുണ്ട്. സാക്ഷാൽ ശ്രീപരമേശ്വരനെ ഭർത്താവായി ലഭിക്കുവാൻ ശ്രീപാർവ്വതി കഠിന തപസ്സനുസ്ഠിച്ചു. അതിൽ സംപ്രീതനായ പരമശിവൻ പ്രത്യക്ഷനായി പാർവ്വതിയെ അനുഗ്രഹിച്ചത് ധനുമാസത്തിലെ തിരുവാതിര നാളിലാണെന്നും ഈ സ്മരണ നില നിർത്തുന്നതിനാണ് തിരുവാതിര ആഘോഷിക്കുന്നതെന്നുമാണ് ഐതിഹ്യം.
തിരുവാതിരയുടെ ആചാരുഷ്ഠാനങ്ങളിൽ കേരളത്തിൽ ഓരോസ്ഥലത്തും ചെറിയ ചില വ്യത്യാസങ്ങൾ കാണാം. എന്നിരുന്നാലും തിരുവാതിര നൊയമ്പ്, ഉറക്കമൊഴിക്കൽ, പാതിരാപ്പൂ ചൂടൽ, അതിനുശേഷമുള്ള മംഗലപാതിര പാടലും,സ്വയംവരം പാടലും എല്ലാ സ്ഥലങ്ങളിലും ഒരുപോലെ ആചരിക്കുന്നു.
കേരളത്തിന്റെ തെക്കൻഭാഗങ്ങളിൽ വൃശ്ചികമാസത്തിലെ തിരുവാതിര തൊട്ടു തന്നെ തിരുവാതിര വ്രതം ആചരിക്കും. ഈ പ്രദേശങ്ങളിൽ തിരുവാതിര കളിക്കും എട്ടങ്ങാടി ചുടീലിനുമാണ് പ്രാധാന്യമെങ്കിൽ മദ്ധ്യകേരളത്തിൽ തിരുവാതിരക്ക് പത്തു നാൾ മുമ്പേ മാത്രമാണ് വ്രതവും പാട്ടും തിരുവാതിര കളിയും ആരംഭിക്കുന്നത്. തണുപ്പിനെ തണുപ്പ് കൊണ്ടുതന്നെ ചെറുക്കുന്ന, പാർവ്വതിയുടെ തപസ്സിനെ അനുസ്മരിപ്പിക്കുന്ന അനുഷ്ഠാനങ്ങൾതന്നെയാണ് തിരുവാതിര വ്രതത്തിലും അനുഷ്ഠിക്കുന്നത്. കുളിരുന്ന മഞ്ഞ് വകവയ്ക്കാതെ നെഞ്ഞറ്റം വെള്ളത്തിലിറങ്ങിനിന്ന് നീന്തി തുടിക്കുകയും, പകലൊക്കെ പാടിക്കളിക്കുകയും ചെയ്യുന്നതിന്റെ സന്തോഷം ഒരുഭാഗത്തും; അനുകൂലമായ ദാമ്പത്യത്തിനുവേണ്ടിയുള്ള വ്രതദീക്ഷയും ഈശ്വര ഭജനവും മറുഭാഗത്തും ഒരുപോലെ കൊണ്ടാടിയിരുന്നതാണ് തിരുവാതിരയുത്സവം.
വൃശ്ചികമാസത്തിലെ തിരുവാതിര മുതലാണ് തിരുവാതിരകളി തുടങ്ങുന്നത്. ഗുരുവിനേയും സദസ്സിനേയും വന്ദിച്ചതിനുശേഷം ആദ്യമായി ഗണപതിസ്തുതി ചെയ്തുകൊണ്ട് പാടിക്കളിക്കുന്നു. വിഗ്നേശ്വരനായ ഭഗവാനെ തിരുവാതിരകളിയുടെ ആരംഭം മുതൽ പരിസമാപ്തി വരെ വിഘ്നങ്ങളില്ലാതെ തുണയ്ക്കണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് തിരുവാതിരകളി ആരംഭിക്കുന്നു. ഇത് തിരുവോണം വരെ വൈകുന്നേരമാണ് കളിക്കുന്നത്. സന്ധ്യയോടെ കളിയവസാനിക്കും. തിരുവോണം മുതൽ സന്ധ്യയ്ക്കാണ് കളി. ഈ ചടങ്ങകൾ ശ്രീകൃഷ്ണനെ ഭർത്താവായി ലഭിക്കുന്നതിനുവേണ്ടി ഗോപസ്ത്രീകൾ അനുഷ്ഠിച്ച കാർത്ത്യായനി വ്രതത്തെ ഓർമ്മിപ്പിക്കുന്നു. വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങുന്ന നാൽപ്പത്തിയൊന്നു ദിവസത്തെ വ്രതം അവസാനിപ്പിച്ചത് ധനുമാസത്തിലെ തിരുവാതിര നാളിൽതന്നെ ആയിരിക്കാം. ധനുമാസത്തിലെ മഞ്ഞണിഞ്ഞ പുലർകാലങ്ങളിൽ അശ്വതിനാൾ മുതൽ തിരുവാതിര വരെ സൂര്യനുദിക്കുന്നതിന് മുമ്പുതന്നെ സ്ത്രീകൾ അഷ്ടമംഗല്യവും നിലവിളക്കുമായി കുളത്തിലെത്തുന്നു. വെള്ളത്തിൽനിന്ന് കീർത്തനങ്ങൾ പാടി തുടിച്ചുകുളിച്ച് നീന്തിക്കയറി അലക്കിയ തോർത്തുകൊണ്ട് തോർത്തി അലക്കിയ പുടവയുടുത്ത്, ദശപുഷ്പം ചൂടി(തിരുതാളി,കറുക, നിലപ്പന, ചെറൂള, ഉഴിഞ്ഞ, കയ്യുണ്ണി, പൂവാംകുരുന്നില, മുയൽചെവിയൻ, മുക്കുറ്റി, വിഷ്ണുക്രാന്തി) ചന്ദനക്കുറിയിട്ട്, കുങ്കുമവും ചാന്തുംതൊട്ട്, കണ്ണെഴുതി,വെറ്റിലമുറുക്കി കുളക്കടവിൽനിന്നും തിരിച്ചുവരുന്നു. ഇതോടെ തിരുവാതിരയുടെ പ്രധാന ചടങ്ങുകൾ തുടങ്ങുന്നു. ദേഹത്തിന് തണുപ്പു നിൽക്കുന്ന ഭക്ഷണങ്ങളായ കൂവ, ചെറുപഴം, കരിക്ക് ഇവ നിർബന്ധമാണ്. നേന്ത്രക്കായ വട്ടത്തിൽ നുറുക്കി
വറക്കുന്നു. മുത്തശ്ശിമാർ മുതൽ പേരക്കുട്ടികൾ വരെ ഒന്നിച്ചു കൂടുന്ന തിരുവാതിരകളിയിൽ കഥകളിപ്പദങ്ങൾ മുതൽ ചെറിയ തമാശപ്പാട്ടുകൾവരെ പാടുന്നുണ്ട്. കുട്ടികൾ പാട്ടുകൾപാടി കളിക്കുന്നതു വളരെ കൗതുകകരമാണ്. വിശേഷദിവസങ്ങളിൽ പാടു വാൻ ഏകാദശിമാഹാത്മ്യം പ്രദോഷമാഹാത്മ്യം ഇങ്ങനെ നിരവധിപാട്ടുകൾ വേറെയും ഉണ്ട്.
തിരുവാതിരനോമ്പ് ആചരണം മകയിരത്തിലെ കാൽനാഴിക മുതൽ തിരുവാതിര മുഴുവനും പുണർതം നാളിന്റെ കാൽഭാഗവും വരുന്നു. ഇതിൽ ഏറ്റവും പ്രാധാന്യം തിരുവാതിര നൊയമ്പിനാണ്. തിരുവാതിര നൊയമ്പ് ഭർത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടിയാണ്. മകയിരം നൊയമ്പ് മക്കൾക്കുവേണ്ടിയും അനുഷ്ഠിക്കുന്നു. ഇത് കുടുംബബന്ധത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നു.
മകയിരം നാളിലാണ് വളരെ പ്രധാനമായ എട്ടങ്ങാടി നിവേദ്യം. വൈകുന്നേരം തന്നെ കിഴക്കുഭാഗത്ത് ചാണകം മെഴുകി കനൽകൂട്ടി എട്ടുതരം കിഴങ്ങുകൾ - ചേന,ചേമ്പ്,കാച്ചിൽ,കാട്ടുചേമ്പ്, ചെറുകിഴങ്ങ്, കൂർക്ക, എത്തക്കായ, പഴം, ഇവ ചുടുവാൻ ഇടുന്നു. ഇവ ചുട്ടെടുത്ത് ചെറുപയർ വറുത്തതും കരിമ്പും കൂട്ടി ശർക്കര പാവുകാച്ചിയത് ഇട്ട് പുരട്ടി എടുക്കുന്നു. ഇതാണ് എട്ടങ്ങാടി. മകയിരവും തിരുവാതിരയും പൂത്തിരുവാതിരക്കാർക്കാണ് പ്രധാനം. മകയിരം നാൾ സന്ധ്യയ്ക്കുവരുന്ന ദിവസമാണ് മകയിരം സദ്യയും എട്ടങ്ങാടിയും. ആ ദിവസം വൈകുന്നേരം തേച്ചുകുളിച്ച് അലക്കിയ മുണ്ടുടുത്ത് മൈലാഞ്ചി അണിഞ്ഞ്, കുറികളിട്ട്, കണ്ണെഴുതി, ഗണപതിക്കുവച്ച് വിഭവസമൃദ്ധമായ സദ്യ ഉണ്ണുന്നു. സന്ധ്യയ്ക്കു വിളക്കുവച്ച് നടുമുറ്റത്ത് എട്ടങ്ങാടി, കരിക്ക്, വെറ്റില, അടയ്ക്ക ഇവ നേദിച്ച് കളി തുടങ്ങുന്നു. രാത്രി പന്ത്രണ്ടു മണിയോടെ കളി അവസാനിപ്പിക്കും.
മകയിരം എട്ടങ്ങാടി കഴിഞ്ഞാൽ തിരുവാതിര നൊയമ്പ് തുടങ്ങും. നൊയമ്പിന് കൂവ കുറുക്കിയത്, ചെറുപഴം, കായ വറുത്തത്, എട്ടങ്ങാടി, പുഴുക്ക് ഇവ പ്രധാനമാണ്. തിരുവാതിര ആഘോഷിക്കുന്നത് ധനുമാസത്തിൽ അതായത് ഡിസംബർ ജനുവരി മാസത്തിൽ ശുക്ല പക്ഷത്തിൽ പൗർണ്ണമി ദിവസം തിരുവാതിര നാളിലാണ്. തിരുവാതിര തുടങ്ങുന്നതോടെ 108 വെറ്റില മുറുക്കാൻ തുടങ്ങും. അന്നു രാത്രി ഗണപതിക്ക് കരിക്ക്,വെറ്റില ഇവ നേദിച്ച് കളിതുടങ്ങും. ആ ദിവസത്തെ കളിയിൽ സ്വയംവരങ്ങൾക്കാണ് പ്രാധാന്യം. പാർവ്വതി സ്വയംവരം, പാഞ്ചാലീസ്വയംവരം, സുഭദ്രാഹരണം, ലക്ഷ്മീ സ്വയംവരം ഇവയെല്ലാം പാടിക്കളിക്കുന്നു. തിരുവാതിരനക്ഷത്രം തലയ്ക്കുമുകളിൽ എത്തുന്നതിനു മുമ്പായി ഏകദേശം അര്ദ്ധരാത്രിയോടെ പാതിരാപൂവ് കൊണ്ടുവരാനുളള പുറപ്പാടായി. അഷ്ടമംഗല്യവും ചങ്ങലവട്ടയും ആർപ്പും കുരവയുമായി 'ഒന്നാനാം മതിലകത്ത് ' എന്നു തുടങ്ങുന്ന പാട്ടു പാടിയാണ് പൂവിന് പോകുന്നത്. പൂവുമായി തിരിച്ചുവരുമ്പോൾ വഞ്ചിപ്പാട്ടാണ് പാടാറ്. ഇതിൽ വ്യാസോല്പത്തി പ്രധാനമാണ്. തിരിച്ചുവന്ന് എല്ലാവരും പൂവുംചൂടി മുറുക്കി കരിക്കു കുടിച്ചുകഴിഞ്ഞാണ് പ്രസിദ്ധമായ മംഗലപാതിര പാടുന്നത്. മംഗലപാതിര കഥ ഇങ്ങനെയാണ്.
കുട്ടിക്കാലം മുതൽ ശിവ-പാർവ്വതി പൂജ ചെയ്തു വളർന്ന ഒരു പെൺകുട്ടിക്ക് വളരെ ചെറുപ്പത്തിലേ വൈധവ്യം വന്നു. അവളുടെ കരച്ചിൽ കേട്ട് മനസ്സലിഞ്ഞ ശ്രീപാർവ്വതി ശിവന്റെ സമീപത്തുചെന്ന് ആവലാതിപ്പെട്ടു. "വിധിയെ തടുക്കുവാൻ പറ്റുമോ? " എന്ന പരമേശ്വരന്റെ ചോദ്യത്തിൽ തൃപ്തിയാകാതെ പാർവ്വതി സ്വയം എല്ലാ മംഗള വസ്തുക്കളേയും ഉപേക്ഷിച്ചു. ശിവനെത്തന്നെയും ഉപേക്ഷിച്ചു. ശ്രീപാർവ്വതി യുടെ ദുഃഖം കണ്ട് മനസ്സലിഞ്ഞ ശിവൻ യമലോകത്തേയ്ക്ക് ഒന്നു നോക്കിയപ്പോഴേക്കും യമധർമ്മൻ ഭയപ്പെട്ടു പെൺകുട്ടിയുടെ ഭർത്താവിന് ജീവൻ തിരിച്ചു കൊടുത്തു. ശ്രീപാർവ്വതി സന്തുഷ്ടയായി. ഈ പാട്ടുപാടി കളിക്കുന്നവർക്ക് നെടുമംഗല്യവും സർവ്വവിധ ശ്രേയസ്സുകളും ഉണ്ടാകുമെന്നാണ് ഫലശ്രുതി. മംഗലയാതിര പാടിയതിനുശേഷം ലക്ഷ്മീ സ്വയംവരവും പാടുന്നു.ഇതിനുശേഷമാണ് തമാശപ്പാട്ടുകളും കളികളും. ഉറക്കം കളയുവാനുള്ള പാട്ടുകളാണ് പ്രധാനം. നാലുമണി ആകുമ്പോഴേയ്ക്കും മംഗളം പാടി കളി അവസാനിപ്പിച്ച്, കുളിച്ച് ആദ്രാദർശനത്തിനായി ശിവക്ഷേത്രത്തിൽ പോകുന്നു. ഉദിക്കുന്നതിനുമുമ്പ് തിരുവാതിരനാൾ ഉള്ളപ്പോഴാണ് ആദ്രാദർശനം.
പുണർതം നാളിന്റെ കാൽനാഴികകൂടി നോയമ്പാചരിച്ച് തിരുവാതിരയുടെ പരിസമാപ്തിയായി. ഒരു തിരുവാതിരയുടെ മധുരസ്മരണയുമായി അടുത്ത തിരുവാതിരയ്ക്കുള്ള കാത്തിരുപ്പ്. ദാമ്പത്യ ജീവിതത്തിന്റെ കെട്ടുറപ്പിനും നെടുമാംഗല്യത്തിനും വേണ്ടിയാണ് സ്ത്രീ വ്രതാനുസ്ഠാനം നടത്തുന്നതും തിരുവാതിര ആഘോഷിക്കുന്നതും എന്നത് പുരുഷന് സന്തോഷം പകരുന്ന കാര്യമാണ്.
കുടുംബ ബന്ധങ്ങളെ സുദൃഢമാക്കുന്നതിന് ഈ ആഘോഷങ്ങൾക്ക് ഏറെ പ്രധാന്യമുണ്ട്. ഹിന്ദുത്വത്തിന്റെ ഉയർത്തെഴുന്നേൽപ്പിന് കാരണങ്ങളായ ഉത്സവങ്ങളുടെ പ്രധാന്യം മനസ്സിലാക്കി കുടുംബത്തിനും സമൂഹത്തിനുംവേണ്ടി അവ അനുഷ്ഠിക്കുവാനും അതിൽ ക്കൂടി വ്യക്തി ബന്ധങ്ങൾ സുദൃഢമാക്കുവാനും ഈ ആഘോഷങ്ങളും വ്രതാനുഷ്ഠാനങ്ങളുംകൊണ്ട് സാധ്യമാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം


No comments:
Post a Comment